അക്കാദമിക മാസ്റ്റർ പ്ലാൻ
- സ്കൂൾ തല അക്കാദമിക മാസ്റ്റർ പ്ലാൻ
- ക്ലാസ് തല /വിഷയതല അക്കാദമിക മാസ്റ്റർ പ്ലാൻ
- വ്യക്തിഗത അക്കാദമിക മാസ്റ്റർ പ്ലാൻ
- അതിന് കൃത്യമായ ലക്ഷ്യങ്ങൾ ഉണ്ടാകണം
- ലക്ഷ്യങ്ങൾ വിഷയബന്ധിതം ആകണം
- സമയ ബന്ധിതമായി പൂർത്തിയാക്കാൻ കഴിയുന്നതാകണം
- അവ നേടിയെടുക്കുന്നതിനായി ഏറ്റെടുക്കേണ്ട വിവിധ പ്രവർത്തനങ്ങളും അതിൻറെ കാലയളവും ചുമതലയും വിഭവങ്ങളും എല്ലാം മുൻ കൂട്ടി നിശ്ചയിച്ചിട്ടുണ്ടാകണം
പല വിദ്യാലയങ്ങളിലും ധാരാളം പ്രവർത്തനങ്ങളുടെ ഒരു പട്ടികയായി അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്
എന്നാൽ ഈ പ്രവർത്തനങ്ങൾ വ്യക്തമായ ഒരു ലക്ഷ്യം നേടിയെടുക്കുന്നതിനുള്ള ഒരു പദ്ധതിയാണോ എന്ന് വിലയിരുത്തേണ്ടതുണ്ട് .
ഒരു പദ്ധതിയാണെങ്കിൽ
ഒടുവിൽ ഈ പദ്ധതി നടപ്പിലാക്കിയതിനു ശേഷം ഗുണഭോക്താക്കൾ ആയി നിശ്ചയിച്ചിട്ടുള്ള കുട്ടികൾക്ക് എത്രമാത്രം നേട്ടങ്ങൾ ഉണ്ടായി എന്ന് വിലയിരുത്താനും കഴിയണം
ഈ രീതിയിൽ നോക്കുമ്പോൾ പ്രവർത്തനങ്ങളുടെ ബാഹുല്യം കൊണ്ട് ലക്ഷ്യം നേടിയെടുക്കാൻ കഴിയണമെന്നില്ല
എന്നാൽ വ്യക്തമായ ലക്ഷ്യത്തോടെ ചില പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കുമ്പോഴാണ് വിദ്യാലയത്തിൽ നിലനിൽക്കുന്ന ഒരു അക്കാദമിക പ്രശ്നത്തിന്റെ പരിഹാരമോ കൂടുതൽ മികവോ സൃഷ്ടിക്കാൻ കഴിയുക
അതായത് ഒരു നിർവഹണ പദ്ധതി കൂടി തയ്യാറാക്കണമെന്ന് അർത്ഥം
ഒരു വിഷയത്തിൽ ഒരു ക്ലാസിൽ രണ്ടോ മൂന്നോ പദ്ധതികൾ തന്നെ ധാരാളം ആണ്.
പക്ഷേ വിദ്യാലയത്തിൽ നടന്നുകൊണ്ടിരിക്കുന്ന പൊതുവായ ധാരാളം പ്രവർത്തനങ്ങൾ ഉണ്ട് .
അവയെല്ലാം ആ രീതിയിൽ നടന്നുകൊള്ളട്ടെ .
കൃത്യമായ ലക്ഷ്യത്തോടെ നിർവഹണ പദ്ധതി തയ്യാറാക്കി നടപ്പിലാക്കുന്നവയെ മാത്രം അക്കാദമിക മാസ്റ്റർ പ്ലാൻ പദ്ധതി പ്രവർത്തനങ്ങൾ എന്ന് വിളിക്കാം
സ്കൂൾതല അക്കാദമിക മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തുന്ന പദ്ധതികളുടെ ഗുണഭോക്താക്കൾ ആയി വ്യത്യസ്ത ക്ലാസുകളിലെ കുട്ടികൾ ഉണ്ടായിരിക്കും . ഉദാഹരണത്തിന് അഞ്ച് ആറ് ഏഴ് ക്ലാസുകളിൽ ഉള്ള എല്ലാ കുട്ടികൾക്കും പങ്കെടുക്കാൻ കഴിയുന്ന ഒരു ശാസ്ത്രജേണൽ തയ്യാറാക്കണം എന്നിരിക്കട്ടെ.
എങ്കിൽ അതിൻറെ ഭാഗമായി എന്തൊക്കെ പ്രവർത്തനങ്ങൾ വേണ്ടിവരും ?
എന്തായിരിക്കണം ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ ?
കുട്ടികൾ പഠിച്ച ശാസ്ത്ര പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് ശാസ്ത്രലേഖനങ്ങൾ തയ്യാറാക്കുക.
അവ അധ്യാപികയുടെ സഹായത്തോടെ എഡിറ്റ് ചെയ്തു മെച്ചപ്പെടുത്തി കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി ശാസ്ത്രലേഖനമാക്കി കുട്ടികൾ തയ്യാറാക്കുകയും അത്തരം ശാസ്ത്രലേഖനങ്ങൾ ഉള്‍പ്പെടുത്തി വർഷാവസാനം ശാസ്ത്രജേണൽ പ്രസിദ്ധീകരിക്കുന്നു
ഈ പ്രവർത്തനത്തിൽ എല്ലാ കുട്ടികളെയും പങ്കാളികളാക്കണമെങ്കിൽ വലിയ അധ്വാനം അധ്യാപികയുടെ ഭാഗത്തുനിന്ന് വേണ്ടിവരും
കുട്ടികൾക്ക് റഫറൻസ് നടത്തുന്നതിനുള്ള പുസ്തകങ്ങൾ ,ശാസ്ത്രമാസികകൾ വെബ്സൈറ്റുകൾ എന്നിവ നിർദ്ദേശിച്ചു നൽകേണ്ടിവരും
മാതൃകാശാസ്ത്ര ലേഖനങ്ങളും ശാസ്ത്രലേഖനം തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അവരെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടി പ്രവർത്തനങ്ങൾ വേണ്ടിവരും
ആഴ്ചയിൽ ഒരിക്കലെങ്കിലും ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിനുള്ള സമയം കണ്ടെത്തേണ്ടിവരും
ഒരു വർഷം ഒരു കുട്ടി 10 മുതൽ 20 വരെ ശാസ്ത്ര ലേഖനങ്ങൾ തയ്യാറാക്കുന്നു എങ്കിൽ ഒന്നാമത്തെ ലേഖനവും ഇരുപതാമത്തെ ലേഖനവും പരിശോധിക്കുമ്പോൾ കുട്ടിക്ക് ശാസ്ത്ര ലേഖനം തയ്യാറാക്കുന്നതിനും വിമർശനാത്മകമായി കാര്യങ്ങളെ സമീപിക്കുന്നതിനും വ്യക്തമായ പുരോഗതി ദർശിക്കാൻ കഴിയും
എല്ലാ കുട്ടികളിലും ഒരുപോലെ മാറ്റം പ്രകടമായില്ലെങ്കിലും എത്ര കുട്ടികൾക്ക് ഇത്തരം മാറ്റം ഉണ്ടായി എന്ന് വിലയിരുത്താന്‍ കഴിയണം
അതായത് ഈ ഒരു പദ്ധതി നടപ്പിലാക്കുന്നതിന് അധ്യാപികയ്ക്ക് കൃത്യമായ ഒരു ലക്ഷ്യം ഉണ്ടായിരിക്കും
അതിലൂടെ കൃത്യമായ ചില ഉൽപ്പന്നങ്ങൾ ഉണ്ടാവുകയും ചെയ്യും
ഈ പ്രവർത്തന പദ്ധതിയുടെ പുരോഗതി പ്രതിമാസം വിലയിരുത്തുകയും എത്രകണ്ട് മുന്നേറുന്നു എന്ന് മോണിറ്റർ ചെയ്യുകയും വേണ്ടിവരും
എന്നാൽ
വിഷയതലത്തിൽ ഒരു ക്ളാസില്‍ നടപ്പിലാക്കുന്ന ഒരു പദ്ധതിയുടെ ഗുണഭോക്താക്കൾ ആയി ഒരു ക്ലാസിലെ കുട്ടികൾ മാത്രമേ ഉണ്ടാവുകയുള്ളൂ. അതായത് ഒരു പദ്ധതി ക്ലാസ് പദ്ധതിയാകുന്നത് അതിൻറെ ഗുണഭോക്താക്കൾ ഒരു ക്ലാസിലെ കുട്ടികൾ മാത്രമാകുമ്പോഴാണ്.
ഒരു ക്ലാസിലെ എല്ലാ കുട്ടികൾക്കും ആ പദ്ധതിയുടെ ഭാഗമായി നേട്ടങ്ങൾ ഉണ്ടാകണം
ക്ലാസ് തല പദ്ധതികൾ അല്ലെങ്കിൽ വിഷയതല പദ്ധതികൾ നടപ്പിലാക്കുമ്പോഴും ഓരോ കുട്ടിയെയും പരിഗണിച്ച് തന്നെ പ്രവർത്തനങ്ങൾ നടപ്പിലാക്കേണ്ടി വരും
അപ്പോൾ പിന്നെ എന്താണ് വ്യക്തിഗത അക്കാദമിക മാസ്റ്റർ പ്ലാൻ ?
ഇവിടെ ഗുണഭോക്താവായി വരുന്നത് ഒരു കുട്ടി മാത്രമാണ് . അതായത് ഒരു കുട്ടിക്കുള്ള സവിശേഷമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അല്ലെങ്കിൽ ഒരു കുട്ടിയിൽ ഒരു മികവ് സൃഷ്ടിക്കുന്നതിനായി ആ കുട്ടിക്ക് വേണ്ടി നടപ്പിലാക്കുന്ന പദ്ധതിയാണ് വ്യക്തിഗത അക്കാദമിയെ മാസ്റ്റർ പ്ലാൻ
ഒരു കുട്ടിയെ പ്രത്യേകമായി പരിഗണിക്കേണ്ട അവസരത്തിൽ ആണ് വ്യക്തിഗത മാസ്റ്റർ പ്ലാൻ ആവശ്യമായി വരുന്നത്
എന്നാൽ ക്ലാസിലെ എല്ലാ കുട്ടികൾക്കും അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത് പ്രായോഗികമല്ല എന്ന് നമുക്കറിയാം
അപ്പോൾ പിന്നെ എന്താണ് ചെയ്യാൻ കഴിയുക?
ഒന്നാംഘട്ടത്തിൽ എല്ലാ കുട്ടികളുടെയും താല്പര്യങ്ങളും അഭിരുചികളും ഇഷ്ടപ്പെട്ട വിഷയങ്ങളും മറ്റു കഴിവുകളും അവര്‍ നേരിടുന്ന പരിമിതികളും പ്രശ്നങ്ങളും ഉൾപ്പെടെ അറിയാൻ കഴിയുന്ന എൻറെ കുട്ടികൾ എന്ന രേഖ തയ്യാറാക്കാൻ കഴിയും . എല്ലാ വിഷയാധ്യാപകരുമായും ചർച്ച ചെയ്തു ക്ലാസ് ടീച്ചർ ആണ് ഈ രേഖ തയ്യാറാക്കേണ്ടത്.
ഇതിൻറെ അടിസ്ഥാനത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് മാത്രം സവിശേഷ പദ്ധതികൾ ആലോചിക്കുകയും ആ കുട്ടിക്ക് അഥവാ ആ കുട്ടികൾക്ക് മാത്രമായി അത്തരം പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യാൻ കഴിയും .
ആരാണ് ഇത് തയ്യാറാക്കേണ്ടത് ?
ക്ലാസ് ടീച്ചറിന് മാത്രമേ ഈ രീതിയിൽ ഒരു പദ്ധതി തയ്യാറാക്കാൻ കഴിയൂ
ഒരു കുട്ടി പ്രശ്നങ്ങൾ നേരിടുന്നത് ഒരു പ്രത്യേക വിഷയത്തിൽ ആണെങ്കിൽ ആ കുട്ടിയുടെ വ്യക്തിഗത മാസ്റ്റർ പ്ലാൻ ഊന്നൽ നൽകുന്നത് ആ വിഷയത്തിൽ ആയിരിക്കും
എന്നാൽ വളരെ മികച്ച കുട്ടികൾക്കും ഇത്തരത്തിൽ ചില പദ്ധതികൾ നടപ്പിലാക്കാൻ കഴിയും
ഉദാഹരണത്തിന് ശാസ്ത്രത്തിൽ അതിയായ താല്പര്യമുള്ള ഒരു കുട്ടി ക്ലാസിൽ ഉണ്ട് എന്ന് കരുതുക .
ആ കുട്ടിക്ക് ആ വിഷയത്തിൽ കൂടുതൽ മുന്നേറുന്നതിനായി ചില അധിക അസൈൻമെന്റുകൾ , അധിക അന്വേഷണ ചുമതലകൾ എന്നിവ നൽകുന്നതും ആ കുട്ടിയുടെ അക്കാദമിക മുന്നേറ്റത്തിന് സഹായകരമാകും
ഇത് എഴുതി തയ്യാറാക്കി വയ്ക്കുന്നത് പ്രായോഗികം അല്ലെങ്കിലും ഈ കുട്ടിയെയും ഒരു പദ്ധതിയുടെ ഭാഗമായി മുന്നോട്ട് നയിക്കേണ്ടത് അധ്യാപകരുടെ ചുമതലയാണ്
ചുരുക്കത്തിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് മാത്രമേവ്യക്തിഗത അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ പ്രായോഗികമായി കഴിയൂ